കണ്ണൂർ: പശ്ചിമഘട്ട സംരക്ഷണവുമായി മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ കരട് വിജ്ഞാപനം ജനദ്രോഹപരവും താമസക്കാരെ ഒന്നടങ്കം കുടിയിറക്കപ്പെടുന്നതിനുള്ളതിനാണെന്നും കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ. ജനവിരുദ്ധമായ കരട് വിജ്ഞാപനത്തിനെതിരെ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചു കാണാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭൂപ്രദേശം കൃത്യമായി സന്ദർശിച്ചു പഠനം നടത്താതെയാണ് പുതുക്കിയ കരട് വിജ്ഞാപനം തയാറാക്കിയത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ചു നടത്തിയ സർവേയിൽ യഥാർഥ വനപ്രദേശം ഒഴിവാക്കപ്പെടുകയും ജനവാസ കേന്ദ്രങ്ങൾ ഇതിൽപെടുകയും ചെയ്തതിരിക്കുന്നു. ജില്ലയിലെ വനമേഖലയായ കണ്ണവം വനം കരട് വിജ്ഞാപനത്തിലില്ലെന്നത് ഇതിന്റെ തെളിവാണ്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നടത്തിയ സർവേയിൽ റബർതോട്ടങ്ങളുള്ള പ്രദേശങ്ങൾ വനമേഖലയായി തെറ്റിദ്ധരിച്ചാണ് കരട് തയാറാക്കിയിരിക്കുന്നത്. കരട് വിജ്ഞാപനത്തിൽ തിരുത്തില്ലാതെ അന്തിമ തീരുമാനമാക്കിയാൽ ജനവാസകേന്ദ്രങ്ങളിലുള്ളവർ കുടിയിറങ്ങേണ്ടി വരും. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവിടെ വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം ഉൾപ്പെടെയുള്ള ഒരു പ്രവൃത്തികളും നടത്താനാകില്ല.
കണ്ണൂർ ജില്ലയിൽ ജനവാസ പ്രദേശങ്ങളായ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിലുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ അംഗീകരിച്ചാണ് പുതുക്കിയ വിജ്ഞാപനം ഇറക്കിയത്.
കർഷകരുടെയും ജനങ്ങളുടെയും ആശങ്കയും ഭീതിയും അകറ്റാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ഒന്പതിന് രാവിലെ പത്തിന് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. സർക്കാർ ഇടപെടൽ നടത്തണമെന്നാവശ്യപ്പട്ട് വിവിധ ദിവസങ്ങളിലായി ഒപ്പു ശേഖരണവും നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.സി. പവിത്രനും പങ്കെടുത്തു.